Powered By Blogger

അനിവാര്യമായ പ്രണയം

എന്‍റെ ദുര്‍ബലമായ
കൈകളില്‍ വിരല്‍ ചേര്‍ത്ത്
നീയെന്നോട്‌
എന്തിനാണ് പ്രണയിക്കാന്‍
ആവശ്യപ്പെടുന്നത്...?

സ്വന്തമായി
ബലവാനായ കാമുകനെ കിട്ടുമെന്ന്
നിനക്ക് തന്നെ അറിയാമല്ലോ..?

ഹൃദയം അലിഞ്ഞു പോയ
എനിക്ക്
നിനക്കായി ഒന്നും തരാനാവില്ല

പിന്നെ എന്തിനാണ്
നീ എന്നെത്തേടി
ഇത്ര ദൂരം വന്നത്

മറവിയുടെ ആലസ്യത്തില്‍
മുഴുകിപ്പോയ ഞാന്‍
നിനക്കായി
ഒന്നും കാത്തു വച്ചിട്ടില്ലല്ലോ..?!!

വിദൂരതയില്‍ നീ ഉണ്ടെന്ന്
എപ്പോഴും ഞാന്‍,
എന്‍റെ മനസ്സിനെ
ഓര്‍മ്മിപ്പിക്കുമായിരുന്നു

നീ ഒരിക്കല്‍
എന്നെ തേടി വരുമെന്നും
എനിക്കറിയാമായിരുന്നു

ഇരുള്‍ നിറഞ്ഞ രാത്രികളില്‍
അരണ്ട ചാന്ദ്ര വെളിച്ചത്തില്‍
പുറത്തിറങ്ങി നടക്കുമ്പോള്‍
ഞാന്‍ എന്നോട് തന്നെ
പറയാറുണ്ടായിരുന്നു
നിന്‍റെ വരവിനെക്കുറിച്ച്...

പക്ഷെ
ഇപ്പോള്‍ നീ
എന്നെ തേടി വരുമെന്ന്, മരണമേ
ഞാന്‍ കൊതിച്ചു പോലും ഇല്ലല്ലോ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ