Powered By Blogger

അവള്‍‌ യാത്രയായി, ദു:ഖങ്ങളില്ലാത്ത; യാതനകളില്ലാത്ത ലോകത്തേയ്ക്ക്


ഇവിടെ ഒരിക്കല്‍ ഞാന്‍‌ അവളെക്കുറിച്ചെഴുതിയിരുന്നു; എന്നെങ്കിലും അവള്‍ ഞങ്ങളുടെ ചങ്ങാത്തിക്കൂട്ടത്തിലേയ്ക്ക് തിരികെപറന്ന് വരുമെന്ന പ്രതീക്ഷ എന്റെ ബൂലോക ചങ്ങാതിമാരോട് പങ്കുവെച്ചിരുന്നു. പക്ഷെ പ്രതീക്ഷകളൊക്കെയും വ്യര്‍ത്ഥമാക്കിക്കൊണ്ട് അവള്‍ മരണത്തിന്റെ ലോകത്തേയ്ക്ക് പറന്നകന്നു.

കപടസ്നേഹത്തിന്റെ വലയിലകപ്പെട്ടവള്‍ ആരെ തോല്‍പ്പിക്കാനാകും മരണത്തെകൂട്ടുപിടിച്ചത്? പക്ഷെ മരണം പോലും അന്നവള്‍ക്ക് കൂട്ടുനിന്നില്ല. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ അവള്‍ തള്ളി നീക്കിയത് യൌവ്വനത്തിന്റെ വിലപ്പെട്ട അഞ്ച് വര്‍ഷങ്ങള്‍. ഒടുവില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും ഒരിക്കലും തീരാത്ത നൊമ്പരം സമ്മാനിച്ച് അവള്‍ ജീവിതത്തില്‍നിന്ന് പടിയിറങ്ങി. ഇരുപത്തിയേഴുവര്‍ഷത്തെ ആ ജീവിതം, അതിലെ കളിയും ചിരിയും കണ്ണീരുമെല്ലാം ഒരു കോളം വാര്‍ത്തയിലും കുസൃതിച്ചിരിയോടെ നില്‍ക്കുന്ന ചിത്രത്തിലും പ്രീയപ്പെട്ടവരുടെ മനസ്സിലും മാത്രമായി ഒതുങ്ങുന്നു.

പ്രീയപ്പെട്ട കൂട്ടുകാരീ, നീ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. നിനക്കായ് രണ്ടുതുള്ളി കണ്ണീര്‍ പൊഴിക്കാന്‍‌ പോലും ഇന്നെനിയ്ക്കാവുന്നില്ല. പകരം ആഴമേറിയ ഭീതിതമായ ഒരു മൌനം മനസ്സില്‍ കൂടുകെട്ടുന്നു. നിന്റെ വിയോഗം സൃഷ്ടിച്ച നഷ്ടത്തോളം തന്നെ ആഴമേറിയത്..... എപ്പോഴും പ്രണയത്തെക്കുറിച്ച് വാചാലമാകുന്ന എന്റെ തൂലികയും ഇന്ന് മൌനിയാകുന്നു. അതിനാല്‍ ആരോ എന്നോ എഴുതിയ ഈ വാചകം ഞാനിവിടെ കൂട്ടുച്ചേര്‍ക്കുന്നു. പ്രണയിക്കുന്ന എല്ലാ മനസ്സുകള്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ