Powered By Blogger

അവ്യക്തമായ ഒരു രേഖാചിത്രം



സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ്‌ നീ സഞ്ചരിക്കുന്നത്‌. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട്‌ പൊറുക്കുക. മധ്യവയസ്‌ക്കനും മദ്യപാനിയുമായ ഭര്‍ത്താവ്‌, യൗവ്വനം തുളുമ്പി നില്‍ക്കുന്ന, മോഹങ്ങള്‍ കുത്തിനിറക്കപ്പെട്ട മനസ്സുള്ള ബുഷ്‌റയില്‍ ബാക്കിയാക്കുന്നത്‌ പ്രതീക്ഷയുടെ നൂല്‍പ്പാലമാണ്‌. ഒടുവില്‍ അവ്യക്തമായ ഒരു രേഖാചിത്രം പോലെ തെളിയാനാവാതെ മങ്ങിപ്പോയ കിനാവുകളെ കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്‌തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന്‌ മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ്‌ ബുഷ്‌റ ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന്‌ മരണത്തിലേക്കും മരണത്തില്‍ നിന്ന്‌ ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ്‌ മിക്കതും...ഒന്നും സ്ഥായിയായി നിലനില്‍ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.

``എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ...
എന്റെ മുഖത്ത്‌ തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത്‌ എന്റെ ഹൃദയത്തിലാണ്‌;
ആഴമേറിയ രണ്ട്‌ ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്‌...''

1999ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ്‌ സഞ്ചരിക്കുന്നത്‌. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1998ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ്‌ ഒഴുകിനീങ്ങുന്നത്‌. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക്‌ ഞാന്‍ തിരഞ്ഞത്‌ നിന്റെ തൂലികക്ക്‌ വേണ്ടിയായിരുന്നു എന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്‌തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1999ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്‌.

``നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്‌ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരെയും കൂസാതെ നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത്‌ ഞാനറിഞ്ഞു.
നിന്റെ സ്വപ്‌നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്‌ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു.
എനിക്ക്‌ രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ...
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ...''
ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു ബുഷ്‌റയുടെ കവിത. അതാണ്‌ ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച്‌ അവള്‍ കവിതക്ക്‌ ജീവപ്രാണന്‍ നല്‍കിയത്‌. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്‌ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്‌ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്‌.

``നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
ഒരു തുള്ളി രക്തം മാത്രം
നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
നിന്നെ മറക്കാതിരിക്കാന്‍
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
നിന്റെ സത്യം മങ്ങാതിരിക്കാന്‍
കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
ഞാനൊപ്പിയെടുക്കുന്നു
ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്‌തു വീഴ്‌ത്തുന്നു.
ഇതെന്റെ സന്ന്യാസം.''

കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്‌തമായ രീതിയിലാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന്‌ തന്നെയാണ്‌. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ്‌ ഓരോ കവിതകളും യാത്രയാവുന്നത്‌. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും ബുഷ്‌റയെന്ന കവയ്ത്രിയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ